ശനിയാഴ്‌ച, ഫെബ്രുവരി 02, 2013

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്റും ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയറും

>> Thursday, Feb, 2013

Courtesy:Mathsblog

പുതുവര്‍ഷം പുലര്‍ന്ന് ആഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥി സമൂഹം പരീക്ഷാ ചൂടിലാകാറുണ്ട്‍! ഒപ്പം അദ്ധ്യാപകര്‍ സ്റ്റാഫ് റൂമില്‍ ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒത്തുകൂടുന്ന സമയവും ഇതു തന്നെ! കാരണം മറ്റൊന്നാണ്. ഇന്‍കംടാക്സ് കണക്കാക്കണം, നികുതി സ്റ്റേറ്റുമെന്റ്റു നല്‍കിയില്ലെങ്കില്‍ ശമ്പളം മുടങ്ങും! ഓരോ വര്‍ഷവും ഫെബ്രുവരിയിലാണ് ശമ്പളബില്ലിനോടൊപ്പം നമ്മുടെ ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ഇന്‍കംടാക്സ് കണക്കാക്കുന്നതിനും സമര്‍പ്പിക്കേണ്ട ഫോമുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നതുമായ എക്സെല്‍ അധിഷ്ഠിത പ്രോഗ്രാം ഈ പോസ്റ്റിലൂടെ നിങ്ങള്‍ക്കു നല്‍കുന്നു. തൃശൂര്‍ വാടാനപ്പിള്ളി കെ.എന്‍.എം.വി.എച്ച്.എസിലെ അക്കൌണ്ടന്‍സി അധ്യാപകനായ ശ്രീ.ബാബു വടക്കുംചേരിയാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അദ്ദേഹം തയ്യാറാക്കുന്ന ഈസി ടാക്സ് എന്ന ഈ പ്രോഗ്രാം അധ്യാപകര്‍‌ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരനുഗ്രഹമാണ്. എന്താ നമുക്ക് ഇന്‍കംടാക്സ് വരുമോയെന്ന് നോക്കാന്‍ തയ്യാറല്ലേ? ഒപ്പം ശമ്പളബില്ലിനോടൊപ്പം നല്‍കേണ്ട ഫോമുകള്‍ തയ്യാറാക്കുകയുമാകാം. ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‍വെയര്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

ശമ്പളം മാത്രം വരുമാനമാര്‍ഗ്ഗമുള്ള ഒരു ജീവനക്കാരനു പറ്റിയ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ജീവനക്കാരന്‍ 2012 ഏപ്രില്‍ 1 നും 2013 മാര്‍ച്ച് 31 നും ഇടക്ക് കിട്ടിയ ശമ്പളത്തില്‍നിന്നും (അതായത് 2012 മാര്‍ച്ച് മാസം മുതല്‍ 2013 ഫെബ്രുവരി വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം 2 ലക്ഷത്തിനു മുകളിലാണെങ്കില്‍ (സ്തീ പുരുഷ വ്യത്യസമില്ലാതെ) നികുതി ശമ്പളത്തില്‍നിന്നുള്ള കിഴിവായി അടക്കാന്‍ ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ [(DDO) – ജീവനക്കാരന്‍ സെല്‍ഫ് ഡ്രായിങ് ഓഫീസറാണെങ്കില്‍ ട്രഷറി ഓഫീസര്‍ ] ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് വരെ നല്‍ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍ പിടിച്ചുകൊണ്ടിരുന്നാല്‍ ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍ (മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍ DDO ഒരു കാര്യം ഉറപ്പു വരുത്തണം , അതായത് ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ അടച്ചു തീര്‍ന്നിരിക്കണം. അതു കൊണ്ടുതന്നെ ഫെബ്രുവരി മാസത്തെ “പുണ്യ മാസമായി” കരുതണമെന്നര്‍ത്ഥം.

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്
ഓരോ ജീവനക്കാരനും തന്റെ വരുമാനവും നികുതി കുറക്കുന്നതിനുള്ള നിക്ഷേപങളുടേയും മറ്റും വിശദാംശങ്ങള്‍ വ്യക്തമാക്കി ഫെബ്രുവരിയില്‍ എഴുതുന്ന ബില്ലില്‍ തന്റെ ശമ്പളത്തില്‍നിന്നും കുറക്കേണ്ട അവസാന നികുതി എത്രയാണെന്നു കാണിക്കുന്ന രേഖയാണ് ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്. ഈ രേഖ 4 കോപ്പിയില്‍ തയ്യാറാക്കേണ്ടി വരും. സ്വന്തം കോപ്പി, DDO കോപ്പി, ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് കോപ്പി, ട്രഷറി കോപ്പി എന്നിങനെ. DDO ഇത് രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി അതതു കേന്ദ്രങളിലേക്ക് നല്‍കും.

ഫോം 16
ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു രേഖയാണ് ഇത്. ഫോം 16 വാസ്തവത്തില്‍ DDO ജീവനക്കാരനു നല്‍കേണ്ട രേഖയാണ്. ഏപ്രില്‍ മേയ് മാസങളിലായി തന്റെ അവസാന Qarterly Return Tin facilitation Centre കളില്‍ നല്‍കുമ്പോള്‍ കിട്ടുന്ന റസീപ്റ്റ് നമ്പര്‍ സഹിതം അടുത്ത 4 മാസങള്‍ക്കു ശേഷം മാത്രമാണു ഈ രേഖ ജീവനക്കാരനു നല്‍കേണ്ടത്. പക്ഷേ പലയിടങളിലും ശമ്പളം വാങുന്ന ആള്‍ ഫെബ്രുവരിയില്‍ തയ്യാറാക്കേണ്ട രേഖയായ ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ് നു പകരം ഫോം 16 ആണു സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറ്. ഈ രണ്ടു രേഖകളും തലക്കെട്ടില്‍ ഉള്ള വ്യതാസമൊഴിച്ചാല്‍ ഇരട്ടക്കുട്ടികളേപ്പോലെയിരിക്കുമന്നതിനാല്‍ ഇവിടെ തര്‍ക്കം ഉണ്ടാക്കാതെ ആവശ്യപ്പെടുന്നതു നല്‍കി നീങ്ങുന്നതാണു ബുദ്ധി.

ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയര്‍

മുകളില്‍ പറഞ്ഞ രണ്ടു രേഖകളും തയ്യാറാക്കുന്നതിനു ഉതകുന്ന സോഫ്ടുവെയറുകളില്‍ ഒന്നാണ് ഇത്. മലയാളത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഡൌണ്‍ലോഡ് ചെയ്യുമ്പോളും ഉപയോഗിക്കുമ്പോഴും ചുവടെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:-

1.ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന വിന്‍ഡോയില്‍ എപ്പോഴും Save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക. Open with എന്ന ഓപ്ഷന്‍ സ്വീകരിക്കരുത്.

2.സേവ് ചെയ്ത സോഫ്ടു വെയര്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ചില പ്രാരംഭ നടപടിക്രമങള്‍ ചെയ്യേണ്ടതായി വരും അത് അറിയാന്‍ ഹെല്‍പ്പ് ക്ലിക്ക് ചെയ്ത് നടപടിക്രമങള്‍ എഴുതിയെടുത്ത് , എഴുതിയെടുത്തത് നോക്കി ചെയ്യുക. അല്ലാതെ സ്ക്രീനില്‍ നോക്കി ചെയ്യുക പ്രായോഗികമല്ല.

3.സോഫ്ട് വെയര്‍ എക്സല്‍ പ്രോഗ്രാമിലാണ് പ്രവര്‍ത്തിക്കുന്നത്, ഫയല്‍ സേവ് ചെയ്യാന്‍ പരമ്പരാഗത രീതിയില്‍ നമ്മള്‍ പ്രയോഗിക്കുന്ന Save അല്ലെങ്കില്‍ Save as രീതികള്‍ക്കു പകരം അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതി മാത്രം ഉപയോഗിക്കുക.

4.സാധാരണ എക്സല്‍ ഫയലുകള്‍ ഓപ്പണ്‍ ഓഫീസ് സ്പ്രെഡ്ഷീറ്റില്‍ പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ഇതില്‍ ചില പ്രത്യേക സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതിനു കഴിയുന്നതല്ല. അതുകൊണ്ടു തന്നെ ലീനക്സ് സ്വതന്ത്ര സോഫ്ട് വെയറില്‍ ഇത് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നത് വലിയ പോരായ്മയാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ ക്ഷമാപൂര്‍വ്വം തല കുനിക്കുന്നു.


Click here for download the Easy Tax-2013

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ