ചൊവ്വാഴ്ച, ഫെബ്രുവരി 12, 2013

പ്രിസം പദ്ധതി: തത്ത്വത്തില്‍ അംഗീകരിച്ചു
     സര്‍ക്കാര്‍ സ്കൂളുകളെ രാജ്യാന്തര നിലവാരത്തിലുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കെ.ഇ.എഫ് കമ്പനി തുടങ്ങാനുദ്ദേശിക്കുന്ന പ്രൊമോട്ടിങ് റീജിയണല്‍ സ്കൂള്‍ ടു ഇന്റര്‍നാഷണല്‍ സ്റാന്‍ഡേര്‍ഡ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍സിന് (പ്രിസം പദ്ധതി) മുഖ്യമന്ത്രി തത്ത്വത്തില്‍ അംഗീകാരം നല്‍കി. നിയമസഭാവളപ്പിലെ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.ഇ.എഫ്. കമ്പനി അവതരിപ്പിച്ച പവര്‍പോയിന്റ് പ്രസന്റേഷന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ഘട്ടമെന്നനിലയില്‍ കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ പദ്ധതി ആരംഭിക്കുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പദ്ധതിരേഖ വേഗത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തണം. പദ്ധതിക്ക് സര്‍ക്കാര്‍തലത്തില്‍ നിന്നും ഡപ്യൂട്ടേഷനില്‍ ഓഫീസറെ നിയമിക്കുന്നത് സംബന്ധിച്ച് നോഡല്‍ വകുപ്പായ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കണം. ആവശ്യമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് മാനദണ്ഡങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ക്കായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കെ.ഇ.എഫ്.കമ്പനിയുടെ മേധാവി ഫൈസല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സര്‍ക്കാര്‍ സ്കൂളുകള്‍ വിദേശമോഡല്‍ ടെക്നോളജി ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിനും പഠനനിലവാരമുയര്‍ത്തുന്നതിനും അധ്യാപകര്‍ക്കുള്‍പ്പെടെ കൂടുതല്‍ പരിശീലനം ഉറപ്പാക്കുന്നതിനുമാണ് പദ്ധതി. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, കോഴിക്കോട് എം.എല്‍.എ.പ്രദീപ്കുമാര്‍, കെ.ഇ.എഫ്.ഫോറിന്‍ ടെക്നോളജി സ്പെഷ്യലിസ്റ് മൈക്ക്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീകാന്ത് ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ