വ്യാഴാഴ്‌ച, ഫെബ്രുവരി 04, 2016

നിയമസഭാ തെരെഞ്ഞടുപ്പ് : സ്ഥലം മാറ്റം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച് ഇന്‍ഡ്യന്‍ തെരെഞ്ഞടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് സെക്രട്ടറിമാരും വകുപ്പ് തലവന്‍മാരും ഇനി പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പുമായി നേരിട്ടു ബന്ധമുള്ള ഒരു ഓഫീസറും നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ തുടരാന്‍ അനുവദിക്കില്ല. ജില്ലാ തെരെഞ്ഞടുപ്പ് ഓഫീസര്‍, ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍,അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, തഹസീല്‍ദാര്‍, ബി. ഡി. ഒ എന്നിവരെ കൂടാതെ തെരെഞ്ഞടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് മറ്റ് എല്ലാ ഉദ്യേഗസ്ഥരും ഈ നിര്‍ദ്ദേശത്തിന്റെ പരിധിയില്‍ വരും. തിരഞ്ഞെടുപ്പിനു നിയോഗിക്കാന്‍ സാധ്യത ഉള്ളവര്‍ക്കും പോലീസ് വകുപ്പില്‍ റേഞ്ച് ഐ. ജി, ഡി. ഐ. ജി,സായുധസേന കമാന്‍ഡന്റ്, എസ്. എ. പി, എസ്. പി. അഡീഷണല്‍ എസ്. പി, പോലീസ് സബ് ഡിവിഷന്‍ ഹെഡ്, തിരഞ്ഞെടുപ്പ് സമയത്ത് സേനയെ വിന്യസിക്കാന്‍ ചുമതലപ്പെട്ട ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമായിരിക്കും. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്‌പെക്ടര്‍ തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരെ അവരുടെ അസംബ്‌ളി നിയോജക മണ്ഡലങ്ങളില്‍ നിയമിക്കാന്‍ പാടുള്ളതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് അച്ചടക്ക നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കാന്‍ പാടില്ല. കോടതിയില്‍ ക്രിമിനല്‍ കേസ് നിലവിലുള്ള ആരെയും തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കരുത്. സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചവര്‍ അടിയന്തിരമായി സ്ഥലംമാറ്റം ലഭിച്ച സ്ഥലങ്ങളില്‍ ജോലിയില്‍ പ്രവേശിക്കണം. സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവുകളും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കണം. വോട്ടര്‍ പട്ടിക പുന:പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷവും ചീഫ് ഇലക്ടറല്‍ ഓഫീസറുമായി കൂടി ആലോചിച്ചാകണം. ആറ് മാസത്തിനകം വിരമിക്കുന്ന ഉദ്യോഗസ്ഥരെ മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒഴികെ മറ്റൊരിടത്തുമുള്ള സര്‍വീസ് ദീര്‍ഘിപ്പിച്ചവരെയും പുനര്‍ നിയമനം ലഭിച്ചവരെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ നിയോഗിക്കാന്‍ പാടുള്ളതല്ലെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ