വ്യാഴാഴ്‌ച, ഓഗസ്റ്റ് 09, 2012

ദേശീയോദ്ഗ്രഥന ഉപന്യാസ മത്സരം : മാര്‍ഗ നിദേശങ്ങളായി

ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദ്ദവും പരിപോഷിപ്പിക്കുന്നതിന് സ്കൂള്‍, കോളേജ്/സര്‍വകലാശാലാ തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തതനുസരിച്ച് ഉപന്യാസ മത്സരം 1998-99 മുതല്‍ സംസ്ഥാനത്തു സംഘടിപ്പിച്ച്വരിയാണ്. പരിപാടിയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി ഒരു സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ തീരുമാനപ്രകാരം 2012-13 വര്‍ഷത്തില്‍ ഈ ഉപന്യാസമത്സര പരിപാടിയുടെ സുഗമമായ നടത്തിപ്പിന് താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരിപാടിയുടെ ജില്ലാതല നടത്തിപ്പിന് ജില്ലാതല സമിതികള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ രൂപം നല്‍കണം. ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദ്ദവുമായി ബന്ധപ്പെട്ട ഒരു വിഷയം മത്സരങ്ങള്‍ക്കായി തീരുമാനിക്കണം. കോളേജ്/സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാനതല മത്സരത്തിനുള്ള വിഷയം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുമായും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുമായും കൂടിയാലോചിച്ചാണ് തീരുമാനിക്കേണ്ടത്. സ്കൂള്‍ കുട്ടികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങളുടെ വിഷയം ജില്ലാതല സമിതികള്‍ തീരുമാനിക്കണം. ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടതാണ്. സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഉപന്യാസ മത്സരങ്ങള്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ നടത്തും. ഇതിനുള്ള സ്ഥലം(venue) ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവരുമായി കൂടിയാലോചിച്ച് കളക്ടര്‍ തീരുമാനിക്കണം. ഒമ്പതാം ക്ളാസ് മുതല്‍ പ്ളസ്ടു വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതല മത്സരങ്ങളിലും കോളേജ്/സര്‍വകലാശാല (പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുക്കാം. ഉപന്യാസരചന മലയാളഭാഷയിലായിരിക്കണം. സംസ്ഥാന/ജില്ലാതല ഉപന്യാസ മത്സരങ്ങള്‍ എല്ലാ സെന്ററുകളിലും 2012 ആഗസ്റ് 15 ന് നടത്തണം. സ്കൂള്‍/കോളേജുകളില നിന്നുമുള്ള തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുമായി ആലോചിച്ച് ജില്ലാ കളക്ടര്‍ തയ്യാറാക്കുന്ന ജഡ്ജിമാരുടെ പാനല്‍, സ്കൂള്‍ കുട്ടകള്‍ക്കുള്ള ജില്ലാതല മത്സരങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തും. വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ നടത്തുന്ന മത്സര ഉപന്യാസങ്ങള്‍ ബന്ധപ്പെട്ട ഡി.ഇ.ഒ. ശേഖരിച്ച് മുദ്രവച്ച കവറില്‍ സുരക്ഷിതമായി മൂല്യനിര്‍ണ്ണയത്തിന് ജില്ലാ കളക്ടര്‍മാര്‍ക്ക് എത്തിച്ചുകൊടുക്കണം. കോളേജ്/സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാനതല ഉപന്യാസങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സുരക്ഷിതമായി മുദ്രവച്ച കവറില്‍ മൂല്യനിര്‍ണ്ണയത്തിനായി അയച്ചുകൊടുക്കണം. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കുന്ന ജഡ്ജിമാരുടെ പാനലാണ് ഈ ഉപന്യാസങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തേണ്ടത്. സംസ്ഥാന/ജില്ലാ മത്സരങ്ങളുടെ മൂല്യനിര്‍ണ്ണയം 2012 സെപ്റ്റംബര്‍ എട്ടിന് മുമ്പായി പൂര്‍ത്തിയാക്കണം. വിജയികളുടെ പേരുവിവരം 2012 ഒക്ടോബര്‍ ഒന്നിന് ബന്ധപ്പെട്ട ജില്ലാകളക്ടര്‍മാരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പ്രഖ്യാപിക്കണം. സ്കൂള്‍ തലത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഒന്നാം സമ്മാനം 1000 രൂപയും, രണ്ടാം സമ്മാനം 600 രൂപയും മൂന്നാം സമ്മാനം 400 രൂപയുമാണ്. കോളേജ്/സര്‍വ്വകലാശാലതലത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ 5,000, 3,000 , 2,000 രൂപവീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കും. വിജയികളടക്കുള്ള സമ്മാനങ്ങള്‍ റിപ്പബ്ളിക് ദിനമായ 2013 ജനുവരി 26 ന് വിതരണം ചെയ്യണം. മത്സരത്തിന്റെ ചെലവിനെ സംബന്ധിക്കുന്ന കണക്കുകള്‍ (നിര്‍ദിഷ്ട ഫോറത്തില്‍) എല്ലാ കളക്ടര്‍മാരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും 2012 ഒക്ടോബര്‍ 20 ന് മുമ്പായി പൊതുഭരണ (സര്‍വ്വീസസ്-ഡി) വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് അയയ്ക്കണം. സമ്മാനര്‍ഹമായ ഉപന്യാസങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. കോളേജ്/യൂണിവേഴ്സിറ്റിതല മത്സരങ്ങളിലെ സമ്മാനാര്‍ഹമായ ലേഖനങ്ങള്‍ ക്രോഡീകരിച്ച് പുസ്തകരൂപത്തിലാക്കുന്നതിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ അധികാരികളും കര്‍ശനമായി പാലിക്കേണ്ടതും മത്സരങ്ങളുടെ നടത്തിപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ