ഞായറാഴ്‌ച, ഒക്‌ടോബർ 09, 2016


സ്പാര്‍ക്കിലൂടെ എല്‍.ഐ.സി പ്രീമിയം കിഴിവു ചെയ്യുന്ന വിധം
എല്ലാ മാസവും അതത് എല്‍.ഐ.സി ഓഫീസുകളില്‍ നിന്നും നമുക്കൊരു സ്റ്റേറ്റ്മെന്റ് അയച്ചു തരാറുണ്ടല്ലോ. അതാത് മാസങ്ങളില്‍ നമ്മുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ അടക്കേണ്ട എല്‍.ഐ.സി പ്രീമിയത്തിന്റെ നമ്പറും തുകയും ആകും അതിലുണ്ടാവുക. ആ സ്റ്റേറ്റ്മെന്റില്‍ ഉള്ള ചില വിവരങ്ങള്‍ നമുക്ക് സ്പാര്‍ക്കില്‍ വിവരങ്ങള്‍ ചേര്‍ക്കുന്ന പ്രഥമഘട്ടത്തില്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ ആ സ്റ്റേറ്റ്മെന്റ് എടുത്തു വച്ച ശേഷം വേണം ചുവടെ പറയുന്ന സ്റ്റൈപ്പുകള്‍ ചെയ്യേണ്ടത്.


ഒരു തവണ മാത്രം ചെയ്യേണ്ട കാര്യങ്ങള്‍
  • Sparkല്‍ ലോഗിന്‍ ചെയ്ത ശേഷം Administration മെനുവിലെ മൂന്നാമത്തെ സബ്മെനു ആയ Code Masters എടുക്കുക.
  • അതില്‍ ഏറ്റവും ഒടുവിലത്തെ വരിയിലെ വലതു നിന്നും രണ്ടാമത്തെ മെനുവായ LIC Code ല്‍ ക്ലിക്ക് ചെയ്യുക
  • തുറന്നു വരുന്ന പേജില്‍ ഡിപ്പാര്‍ട്ട്മെന്റ്, നമ്മുടെ സ്ക്കൂളിന്റെ പേര് എന്നിവയുണ്ടാകും. അതിനു താഴെ DDO ഡി.ഡി.ഒ കോഡ് തിരഞ്ഞെടുക്കുക.
  • അതിനു ചുവടെയുള്ള LIC Code No നമ്മുടെ എല്‍.ഐ.സിയില്‍ നിന്നും ഓരോ മാസവും ലഭിക്കുന്ന സ്റ്റേറ്റ്മെന്റിന്റെ മുകളിലായി ഉണ്ടാകും. അത് അപ്ഡേറ്റ് ചെയ്യുക. (ചിലപ്പോള്‍ അതൊരു പത്ത് അക്ക നമ്പറാകാം)
  • തുടര്‍ന്ന് കണ്‍ഫേം ചെയ്യുക. ഇതുവരെയുള്ള സ്റ്റൈപ്പുകള്‍ കൃത്യമായി ചെയ്തുവെങ്കില്‍ ഇനി ഈ മെനുവിലേക്ക് നമുക്ക് വരേണ്ടതില്ല.
  • ഇനി പ്രധാനമെനുവായ Salary Mattersലെ Changes in the monthലെ Present Salaryല്‍ ക്ലിക്ക് ചെയ്യുക.
  • ഈ പേജില്‍ നിന്നും ഓരോ ജീവനക്കാരന്റേയും പേര് സെലക്ട് ചെയ്ത് other deductionsല്‍ ഏറ്റവും താഴെ Number, Deductions, Amount, Details എന്നിവ നല്‍കുക. ഇവ യഥാക്രമം ഡിഡക്ഷനിലെ അടുത്ത സീരിയല്‍ നമ്പര്‍, LIC Premium(303), പ്രീമിയം തുക, എല്‍.ഐ.സി പോളിസി നമ്പര്‍ എന്നിവയാണ്.


    അറിയാമെങ്കില്‍ മാത്രം From Date, To Date എന്നിവ നല്‍കിയാല്‍ മതി. തുടര്‍ന്ന് insertല്‍ ക്ലിക്ക് ചെയ്യുന്നതോടെ വിവരങ്ങള്‍ സേവ് ആകുന്നു.
  • ഒന്നില്‍ കൂടുതല്‍ പോളിസികളുണ്ടെങ്കില്‍ അവയോരോന്നും ഇതു പോലെ ഇന്‍സര്‍ട്ട് ചെയ്യുക. ഇങ്ങനെ ഓരോ ജീവനക്കാരന്റേയും എല്‍.ഐ.സി പോളിസികള്‍ Present Salaryയില്‍ ഉള്‍പ്പെടുത്തുക.
  • ഇനി സാലറി പ്രൊസസ് ചെയ്തു കഴിയുമ്പോള്‍ എല്‍.ഐ.സിയുടെ അക്കൗണ്ടിലേക്ക് പ്രീമിയം തുക ക്രഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും. മാത്രമല്ല, പ്രൊസസിങ്ങിനു ശേഷം Bills and Schedulesല്‍ ഇന്നര്‍ ബില്ലില്‍ LIC കിഴിവിന്റെ കോളവും ഷെഡ്യൂളുകളുടെ കൂട്ടത്തില്‍ LIC Scheduleഉം വന്നിട്ടുണ്ടാകും. ഇത് എല്‍.ഐ.സിയില്‍ നിന്ന് ലഭിച്ചിട്ടുള്ള സ്റ്റേറ്റ്മെന്റുമായി ഒത്തുനോക്കുകയും ഷെഡ്യൂളുകള്‍ പ്രിന്റെടുത്ത് ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്യണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഓരോ മാസവും എല്‍.ഐ.സിയില്‍ നിന്നും ലഭിക്കുന്ന സ്റ്റേറ്റ്മെന്റും കഴിഞ്ഞ തവണത്തെ സ്റ്റേറ്റ്മെന്റും ഷെഡ്യൂളുമായി ഒത്തു നോക്കി കടുകിട വ്യത്യാസമില്ലെന്ന് സാലറി പ്രൊസസിങ്ങിനു മുമ്പേ ഉറപ്പു വരുത്തുന്നത് നന്നായിരിക്കും. കാരണം, അപൂര്‍വങ്ങളില്‍ അപൂര്‍വമായി ചിലര്‍ക്ക് ചില മാസങ്ങളില്‍ വരുന്ന ചെറിയ സര്‍വീസ് ടാക്സുകള്‍ക്കനുസരിച്ച് Present Salary യിലെ എല്‍.ഐ.സി പ്രീമിയത്തില്‍ വ്യത്യാസം വരാറുണ്ട്. ഇത് സ്പാര്‍ക്കില്‍ തനിയേ അപ്ഡേറ്റ് ആവേണ്ടതാണ്. എന്നാല്‍ ഇതും പ്രൊസസിങ്ങിനു മുമ്പേ ഉറപ്പു വരുത്തണം. 

13-10-16


8-10-16
7-10-16

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ