പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ 1-7-2009 പ്രാബല്യത്തില്‍ പരിഷ്കരിച്ച വിവിധ ശമ്പളസ്കെയിലുകള്‍ ഭേദഗതി ചെയ്ത് കൊണ്ട്G.O (P) No. 168/2013/(147)/Fin Dated 11-4-2013 പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സമാനമായ സ്കെയിലുകളില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നവര്‍ക്ക് ലഭിച്ച വര്‍ദ്ധനവ് ശമ്പളപരിഷ്കരണത്തില്‍ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നില്ല എന്ന് പൊതുവെ വിശ്വസിക്കപ്പെടുകയും ഇക്കാര്യം പ്രതിഷേധത്തിനിടയാകുകയും ചെയ്തു. വിവിധ സര്‍വ്വീസ് സംഘടനകളുടെ ഇടപെടലുകള്‍ കാരണം, ഈ അനോമലി പരിഹരിക്കുമെന്ന് ബഹുമാനപ്പെട്ട ധനമന്ത്രി പ്രഖ്യാപിച്ചതായി 2013 ഫെബ്രുവരിയിലും ഏപ്രിലിലും പത്രവാര്‍ത്തകളുമുണ്ടായിരുന്നു.
ശമ്പളപരിഷ്കരണത്തിന്റെ പൊതുമാനദണ്ഡങ്ങളനുസരിച്ച്, ഓപ്ഷന്‍ തിയ്യതിയിലെ അടിസ്ഥാന ശമ്പളത്തിന്റെ കൂടെ 64% ഡി.എ, 1000 രൂപയില്‍ കുറയാതെയുള്ള ഫിറ്റ്മെന്റ് ബെനിഫിറ്റ്, സര്‍വ്വീസ് വെയിറ്റേജ് എന്നിവ ചേര്‍ത്താണ് പരിഷ്കരിച്ച സ്കെയിലിലെ ശമ്പളം നിര്‍ണ്ണയിക്കുന്നത്. 1-7-2009 ന് മുമ്പ് സര്‍വ്വീസിലുള്ള അദ്ധ്യാപകരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരമുള്ള പ്രീ-റിവൈസ്ഡ് സ്കെയിലുകളും റിവൈസ്ഡ് സ്കെയിലുകളും പരിശോധിച്ചാല്‍ അദ്ധ്യാപകരുടേത് ഉള്‍പ്പെടെയുള്ള ചില തസ്തികകളുടെ റിവൈസ്ഡ് സ്കെയിലുകളുടെ മിനിമം മേല്‍പറഞ്ഞ പൊതുമാനദണ്ഡമനുസരിച്ചുള്ള കുറഞ്ഞ വര്‍ദ്ധനവ് ലഭിക്കത്തക്ക രീതിയിലുള്ളവയല്ല എന്ന് കാണാം. ഉദാഹരണത്തിന് പ്രൈമറി ടീച്ചറുടെ 6680-10790 ന്റെ റിവൈസ്ഡ് സ്കെയില്‍ 11620-20240 ആണ്. 6680 നെ റിവൈസ് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞത് 12220 ലഭിക്കും. ഇതിനെക്കാള്‍ രണ്ട് ഇന്‍ക്രിമെന്റ് കുറവാണല്ലോ റിവസ്ഡ് സ്കെയിലിന്റെ മിനിമം ആയ 11620. ഇക്കാരണം കൊണ്ട് പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ശമ്പളപരിഷ്കരണത്തില്‍ വിഭാവനം ചെയ്യുന്ന വര്‍ദ്ധനവ് ലഭിക്കാതെ വരും.
വിവിധ തസ്തികകളുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ ഈ അനോമലി ഉണ്ടായിരുന്നു. ശമ്പളപരിഷ്കരണ ഉത്തരവില്‍ തന്നെ ഭേദഗതി വരുത്തിക്കൊണ്ടോ അതിന് ശേഷമുള്ള ഉത്തരവുകള്‍ വഴിയോ ഇക്കൂട്ടത്തില്‍ പെടുന്ന ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയ ഭൂരിഭാഗം തസ്തികകളുടെയും സ്കെയിലുകള്‍ ഉയര്‍ത്തിയപ്പോള്‍, അദ്ധ്യാപകരുടെത് മാത്രം പഴയ നിലയില്‍ തുടര്‍ന്നതാണ് പക്ഷപാതപരമായ അനീതിയായി വ്യാഖ്യാനിക്കപ്പെട്ടത്. ഉദാഹരണത്തിന് 2004 ലെ പരിഷ്കരണ ഉത്തരവ് പ്രകാരം 6680-10790 എന്ന ഒരെ സ്കെയിലിലുള്ള സീനിയര്‍ ക്ലര്‍ക്ക്, പ്രൈമറി ടീച്ചര്‍ തസ്തികകളുടെ റിവൈസ്ഡ് സ്കെയിലുകള്‍ യഥാക്രമം 13210-22360, 11620-20240 എന്നിങ്ങിനെയാണ്. ഇത് കൊണ്ട് 1-7-2009 ന് മുമ്പ് ജോലിയില്‍ പ്രവേശിച്ചിരുന്ന പ്രൈമറി ടീച്ചര്‍ക്ക് ഒരു സീനിയര്‍ ക്ലര്‍ക്കിന്റെ മിനിമം ശമ്പളം ലഭിക്കുമായിരുന്നപ്പോള്‍ 1-7-2009 ന് ശേഷം ജോലിയില്‍ പ്രവേശിക്കുന്ന പ്രൈമറി ടീച്ചര്‍ക്ക് സീനിയര്‍ ക്ലര്‍ക്കിനെക്കാള്‍ 1590 രൂപ കുറഞ്ഞ അടിസ്ഥാന ശമ്പളമെ ലഭിക്കുന്നുള്ളൂ. വിവിധ അദ്ധ്യാപക തസ്തികകളുടെ കാര്യത്തിലുള്ള ഇത്തരം വിവേചനങ്ങളാണ് ഇപ്പോളത്തെ ഉത്തരവ് വഴി പരിഹരിക്കപ്പെട്ടതെന്ന് പറയാം.
എന്തായിരുന്നു അനോമലി?
2009 ലെ ഓപ്ഷന്‍ തീയതി മുതല്‍ ഒരു അധ്യാപകന്റെ ബേസിക് പേ ഇപ്പോള്‍ പുതുക്കിയ ശമ്പളസ്കെയിലാണോ വരുന്നതെന്നു നോക്കുക. ആ ശമ്പളസ്കെയിലില്‍ വരുന്നില്ലെങ്കില്‍ അതാണ് അനോമലി. ഉദാഹരണത്തിന് ഒരു ഒരു ഹൈസ്ക്കൂള്‍ അധ്യാപകന്റെ കാര്യമെടുക്കാം. അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 2009 ലെ ഓപ്ഷന്‍ തീയതിയില്‍ 15380-25900 എന്ന സ്കെയിലില്‍ ഇല്ലെങ്കില്‍ അത് പരിഷ്ക്കരണത്തിലെ അനോമലിയായിരുന്നു. അതുപരിഹരിക്കലാണ് ഈ അനോമലി റെക്ടിഫിക്കേഷന്‍ കൊണ്ട് ഉദ്ദേശിച്ചത്. അവരെ ഈ സ്കെയിലിലേക്ക് കൊണ്ടു വരുന്നതാണ് ഇപ്പോഴത്തെ അനോമലി റെക്ടിഫിക്കേഷന്‍ ഉത്തരവ്. ശമ്പളപരിഷ്ക്കരണത്തിന്റെ ഭാഗമായി 2009 ലെ തീയതി വെച്ച് ഓപ്ഷന്‍ നല്‍കിയവരുടെ ബേസിക് പേ 15380 ന് മുകളിലാണ് ഫിക്സ് ചെയ്തിരിക്കുന്നതെങ്കില്‍ ഇപ്പോഴത്തെ സ്കെയില്‍ മോഡിഫിക്കേഷന്‍ പ്രകാരം അവരുടെ ബേസിക് പേ മാറുന്നില്ല. കാരണം, അവരുടെ അടിസ്ഥാനശമ്പളം 2009 ല്‍ വച്ചുതന്നെ 15380-25900 എന്ന സ്കെയിലിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. അതായത് സമീപകാലത്ത് സര്‍വീസില്‍ പ്രവേശിച്ച കുറച്ചു പേരുടെ അടിസ്ഥാനശമ്പളത്തില്‍ മാത്രമേ മാറ്റം വരൂ. അവരുടെ ഈ മാറ്റത്തിന്റെ ഭാഗമായി 2009 മുതലുള്ള അരിയറൊന്നും ലഭിക്കുകയുമില്ല. അതെല്ലാം Notional ആയി കാണാനാണ് പറഞ്ഞിരിക്കുന്നത്. ചുരുക്കത്തില്‍ 11-4-2013 മുതല്‍ മാത്രമാകും അക്കൂട്ടരുടെ ശമ്പളത്തിലെ വര്‍ദ്ധനവ്.
2004ല്‍ ഹൈസ്ക്കൂള്‍ അധ്യാപകരുടേതിനു സമാനമായ 8390-13270 എന്ന ശമ്പള സ്കെയിലുണ്ടായിരുന്നവരെ താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോളും അനോമലിയുണ്ടെന്ന് പറയേണ്ടി വരും. ഉദാഹരണത്തിന്, എച്ച്.എസ്.എ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ലൈബ്രേറിയന്‍ ഗ്രേഡ്-3 എന്നീ മൂന്ന് തസ്തികകളുടെയും പഴയ സ്കെയില്‍ 8390-13270 ആയിരുന്നു. ഇപ്പോള്‍ അത് യഥാക്രമം 15380-25900, 15380-25900, 16180-29180 എന്നിങ്ങിനെയാണ്. ലൈബ്രേറിയന്‍ ഗ്രേഡ്-3 ഒരു സ്കെയില്‍ മുകളിലായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ലൈബ്രേറിയന്‍ ഗ്രേഡ്-3എന്നിവര്‍ക്ക് അരിയര്‍ അടക്കമുള്ള ആനുകൂല്യത്തോടെ 1-7-2009 മുതല്‍ പ്രാബല്യം. ഇങ്ങിനെ നോക്കുമ്പോള്‍ എച്ച്.എസ്.എ ആണ് ഏറ്റവും അവഗണിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ അനോമലി പരിഹരിക്കപ്പെട്ടു എന്നു പറയുന്നത് ശരിയാണോ?
ആര്‍ക്കെല്ലാമാണ് ഗുണം?
ഇപ്പോളത്തെ സ്കെയില്‍ മോഡിഫിക്കേഷന്റെ ഗുണം 1-7-2009 ന് മുമ്പ് ഇപ്പോള്‍ മോഡിഫൈ ചെയ്യപ്പെട്ട സ്കെയിലുകളുടെ തസ്തികകളില്‍ വന്ന കുറച്ച് അദ്ധ്യാപകര്‍ക്ക് കൂടി ലഭിക്കും. 30-6-2009 ന് പഴയ സ്കെയിലില്‍ 8390 രൂപ വാങ്ങുന്ന എച്ച്.എസ്.എ ക്ക് ഈ സ്കെയില്‍ മാറ്റം കൊണ്ട് വെറും 400 രൂപ മാത്രമല്ലെ വര്‍ദ്ധനവുള്ളൂ. ഒരു ഇന്‍ക്രിമെന്റ് എങ്കിലും വാങ്ങിയവര്‍ക്ക് യാതൊരു ആനുകൂല്യവുമില്ല. അക്കൂട്ടര്‍ സര്‍വ്വീസ് ബുക്കില്‍ സ്കെയില്‍ മോഡിഫൈ ചെയ്ത കാര്യം എഴുതിച്ചേര്‍ക്കുക മാത്രമെ വേണ്ടതുള്ളൂ. ഇപ്രകാരം 11620-20240 സ്കെയിലുകാര്‍ 13210-22360 ലേക്ക് മാറുമ്പോള്‍ പരമാവധി ആനുകൂല്യം 1590 രൂപയാണ്. 4 ഇന്‍ക്രിമെന്റുകാര്‍ക്ക് വരെ ആനുകൂല്യം കുറഞ്ഞതോതില്‍ ലഭിക്കും.
എന്നാല്‍ 1-4-2013 ന് സര്‍വ്വീസില്‍ വരുന്ന ഒരു എച്ച്.എസ്.എ ക്ക് ഈ മാറ്റം കൊണ്ട് 1102 രൂപയുടെ വര്‍ദ്ധനവുണ്ടാകും. പക്ഷെ, അയാള്‍ക്ക് 31-3-2013ല്‍ ജോലിയില്‍ കയറുന്നയാളേക്കാള്‍ 2230 രൂപ കുറവാണ് ലഭിക്കുക. (10% NPS Contribution കഴിച്ച്).
2004 ലെ പോലെ 2009 ലും എല്ലാ സ്കെയിലുകളും ഒരു മാസ്റ്റര്‍ സ്കെയിലിന്റെ ഭാഗമായതിനാലും മോഡിഫൈഡ് സ്കെയിലുകളുടെയും പ്രീ-മോഡിഫൈഡ് സ്കെയിലുകളുടെയും മിനിമത്തിലും മാക്സിമത്തിലും മാത്രമെ വ്യത്യാസമുള്ളൂ എന്നതിനാലും വിവിധ തസ്തികളില്‍ സര്‍വീസ് കൂടുതലുള്ളവര്‍ക്ക് പ്രസ്തുത തസ്തികയുടെ സ്കെയില്‍ മോഡിഫിക്കേഷന്‍ കൊണ്ട് വര്‍ദ്ധിച്ച ആനുകൂല്യങ്ങലൊന്നും ലഭിക്കുന്നില്ല. സര്‍വ്വിസ് രജിസ്റ്ററിലും സ്പാര്‍ക്കിലുമൊക്കെ അവരുടെ സ്കെയില്‍ മാറ്റിയതായി രേഖപ്പെടുത്തണമെന്നല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല. കൂടാതെ, 1-7-2009 മുതല്‍ സ്കെയിലുകള്‍ മോഡിഫൈ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക ഗുണം 11-4-2013 മുതല്‍ മാത്രമെ ലഭിക്കുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഇതേക്കുറിച്ച് ഒരു അനുബന്ധ സര്‍ക്കുലര്‍ ഇറക്കുന്നത് അധ്യാപകര്‍ക്ക് ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ