തിങ്കളാഴ്‌ച, നവംബർ 11, 2013

Easy Tax : An income tax estimator in Windows Excel


2013 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച് 2014 മാര്‍ച്ച് മാസത്തില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സായാഹ്നവേളയിലാണല്ലോ നമ്മളിപ്പോള്‍. അല്‍പ്പം വിരസമായി തോന്നാമെങ്കിലും, വരുമാന നികുതി സംബന്ധമായ ചടങ്ങുകള്‍ യഥാസമയം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പലപ്പോഴും ഇവന്‍ നമുക്ക് ‘കാളരാത്രികള്‍’ സമ്മാനിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. അല്‍പ്പം നീണ്ടു പോയെങ്കിലും ഈ സമയത്തെങ്കിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് നടപ്പ് വര്‍ഷത്തിലെ നമ്മുടെ മൊത്തം നികുതിവിധേയമായ വരുമാനം എത്രയെന്നത്. കാരണം അതിന്റെ അടിസ്ഥാനത്തിലാണല്ലോ നമ്മള്‍ മാസം തോറും വേതനത്തില്‍ന്നും പിടിക്കേണ്ട നികുതി (TDS) തീരുമാനിക്കേണ്ടത്. എന്താണ് TDS എന്നതിനേക്കുറിച്ച് വിശദമായൊരു ലേഖനംമുന്‍വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍മ്മിക്കുന്നുണ്ടാകുമല്ലോ. ഇതേക്കുറിച്ചും അതിനു സഹായിക്കുന്ന ഒരു എക്സെല്‍ പ്രോഗ്രാമിനെക്കുറിച്ചും ബാബു സാര്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു.

(ചോദ്യം) : ഈ വര്‍ഷത്തെ നികുതി ഇപ്പോഴേ ഗണിച്ചെടുക്കണോ ? ഫെബ്രുവരിയില്‍ പോരെ?
(ഉത്തരം) : നികുതി മാസങ്ങള്‍ക്കുമുന്‍പേ ഏപ്രിലില്‍ തന്നെ കണക്കാക്കണമായിരുന്നു. അത് ചെയ്തിട്ടില്ലെങ്കില്‍ നമ്മള്‍ 7 മാസം വൈകിയിരിക്കുന്നു. മുന്‍കൂറായി നികുതി കണ്ടില്ലെങ്കില്‍ എന്തുണ്ടാകുമെന്ന് പറയാം.
 1. ഒരു വര്‍ഷത്തെ നികുതി, അതിന്റെ അവസാന മാസമായ ഫെബ്രുവരി മാസത്തിലാണ് അടക്കേണ്ടതെന്നത് വലിയ തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ അതതു മാസത്തെ നികുതി അപ്പപ്പോള്‍ തന്നെ അടച്ചുപോകണം.
 2. മാസാമാസങ്ങളില്‍ നികുതി അടച്ചില്ലെങ്കിലും അടച്ച തുകയില്‍ കാര്യമായ കുറവുണ്ടെങ്കിലും പിഴ കൊടുക്കേണ്ടതായി വരാം.
 3. മാസം തോറും നികുതി പിടിച്ചതിനുശേഷമുള്ള ശമ്പളമേ ശമ്പളദാദാവ് വിതരണം ചെയ്യാവൂ, അതുകൊണ്ട് ഇത് മേലധികാരിയുടെ കൂടെ ഗൗരവമേറിയ ഉത്തരവാദിത്വമാണ്.
 4. മേലധികാരി (DDO) ഓരോ ജീവനക്കാരുടെയും മാസം തോറും പിടിക്കേണ്ട നികുതി കണക്കാക്കാന്‍ അവരില്‍നിന്നും estimated Income tax statement ആവശ്യപ്പെടാം.
 5. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇതിനകം ചെയ്യാതിരുന്നിട്ടുണ്ടെങ്കില്‍ ഇനിയും വയ്കാതിരിക്കുന്നതാണ് യുക്തി.
 6. ഈ-ഫയലിംഗ് വ്യാപകമാക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളിലെ വീഴ്ച പെട്ടന്ന്‍ കണ്ടെത്താന്‍ വരുമാന നികുതി വകുപ്പിന് കഴിയും.
വരും മാസങ്ങളിലെ വരുമാനത്തെ പൂര്‍ണ്ണമായും ഗണിച്ചെടുക്കാനുള്ള ചെപ്പടി വിദ്യയൊന്നും നമുക്ക് വശമില്ലെങ്കിലും ഏതാണ്ടൊക്കെ കൃത്യതയോടെ അത് കണ്ടെത്തി, നടത്തിയതും നടത്താനിരിക്കുന്നതുമായ ടാക്സ് സേവിംഗ് പദ്ധതികളും തീരുമാനിച്ച് ഉറപ്പിച്ച് വേണം TDS തുക കണ്ടെത്തേണ്ടത് . പലരും നേര്‍ച്ചപ്പെട്ടിയിലിടുന്നതു പോലെ ‘ചില്ലറ’ തുകകള്‍ വേതനത്തില്‍ന്നും നികുതിയായി പിടിച്ച് വരുന്നവരാകുമെങ്കിലും അത് ആവശ്യത്തിനു മതിയാവുന്നതല്ല എന്ന്‍ തിരിച്ചറിയുക. ഫെബ്രുവരി മാസത്തിലെ ‘ഒടുക്കത്തെ’ ബില്‍ എഴുതുമ്പോള്‍ ആയിരിക്കും ! മാര്‍ച്ച് മാസത്തില്‍ നിവേദ്യം പോലെ ലഭിക്കുന്ന ആ ശമ്പളത്തേക്കാള്‍ കൂടുതല്‍ നികുതി അങ്ങോട്ടടക്കേണ്ടിവരുന്ന ഹതഭാഗ്യവാന്മാരും ധാരാളമുണ്ട്. മാത്രവുമല്ല അത് ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്‌ താനും. 

ശമ്പള വിഭാഗത്തില്‍പെടുന്ന (സാങ്കേതികമായി Income from Salary group ) അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം നികുതി സ്ലാബില്‍ കാര്യമായ മാറ്റങ്ങളൊന്നും കഴിഞ്ഞ വര്‍ഷത്തില്‍നിന്നും വേറിട്ട്‌ നടപ്പുവര്‍ഷത്തില്‍ കാണാന്‍ കഴിയില്ല. ഈ വര്‍ഷം ആകെ കിട്ടുന്ന ഒരു ആശ്വാസം എന്ന് പറയാവുന്നത് 5 ലക്ഷത്തിനുമുകളില്‍ പോകാത്ത ‘നികുതിവിധേയ വരുമാനം’ (Taxable Income) ഉള്ളവര്‍ക്ക് നല്‍കിയിട്ടുള്ള Tax Credit എന്ന ഓമനപ്പേരിലുള്ള നികുതി ഇളവാണ്. ഇതു പ്രകാരം കഴിഞ്ഞ വര്‍ഷത്തേപ്പോലെ സാധാരണ രീതിയില്‍ നികുതി കണക്കാക്കിയ ശേഷം, Taxable Income ന്റെ 10% വരെ നികുതിയില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഈ ഇളവ് പരമാവധി 2000 രൂപ (സെസ് 3% അടക്കം 2060 രൂപ) മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട് . 

കഴിഞ്ഞ വര്‍ഷത്തെ നികുതി നിരക്കുമായി താരതമ്യം ചെയ്യാന്‍ ഒരു ഉദാഹരണമെടുക്കാം. ഒരു വ്യക്തിയുടെ Taxable Income 5 ലക്ഷത്തിനുമുകളില്‍ കയറിയിട്ടില്ലെന്നു കരുതുക, അവനു കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഒരേ തുകയാണ് Taxable Income എങ്കില്‍ പുള്ളിക്കാരന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2060 രൂപ വരെ കുറവ് നികുതിയേ ഇത്തവണ നല്‍കേണ്ടിവരികയുള്ളൂ എന്ന്‍ കാണാം. എന്നാല്‍ ഈ ചങ്ങാതിയുടെ ഈ വര്‍ഷത്തെ ടാക്സബ്ള്‍ വരുമാനം 5 ലക്ഷം കയറിപ്പോയാല്‍ Tax Credit ഇളവിന്‍റെ ആനുകൂല്യം നഷ്ടപ്പെടുന്നതിനാല്‍ നികുതി കഴിഞ്ഞവര്‍ഷത്തെതിനു തുല്യമായിരിക്കും എന്ന്‍ സാരം.

നികുതി ഗണിച്ചെടുക്കുകയെന്ന അദ്ധ്വാനം ഒരു പരിധിവരെ പരിഹരിക്കാന്‍ ടാക്സ് എസ്റ്റിമേറ്റര്‍ സോഫ്റ്റ്‌വെയറുകളെകൊണ്ട് കഴിയും. EXCEL ഫോര്‍മാറ്റില്‍ പ്രവര്‍ത്തിക്കുന്ന അത്തരം ഒരു സംവിധാനമാണ് ECTAX -TAX ESTIMATOR. ഈ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:

 1. ഡൌണ്‍ലോഡ് ചെയാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണുന്ന വിന്‍ഡോയില്‍ നിന്നും എപ്പോഴും save എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം, അതായത് ആദ്യം ഫയല്‍ ഓപ്പണ്‍ ചെയ്ത് കണ്ട് പിന്നീട് save ചെയ്യാന്‍ ശ്രമിക്കരുത്.
 2. മലയാളത്തിലുള്ള സഹായി (help) നല്‍കിയിട്ടുണ്ട്.
 3. ഒരു കമ്പ്യൂട്ടറില്‍ ആദ്യമായി ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുമ്പോള്‍ തടസ്സം നേരിട്ട് “Macro Enable” ചെയ്യുക എന്ന രീതിയിലുള്ള നിര്‍ദ്ദേശം കണ്ടേക്കാം. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ EXCEL ന്റെ 2010/2007/1997-2003 പതിപ്പുകള്‍ക്ക് വ്യത്യസ്തമായതിനാല്‍ ഓരോ പതിപ്പിനനുസരിച്ച് വേറെ വേറെ സഹായ നിര്‍ദ്ദേശങ്ങള്‍ മലയാളത്തില്‍ നല്‍കിയിട്ടുണ്ട്.
 4. ഇത് നികുതി തുക വര്‍ഷം തികയുന്നതിനുമുന്‍പ് ഊഹിച്ചെടുത്ത് മാസം തോറും പിടിക്കേണ്ട TDS തുക കാണുന്നത്തിനുള്ള സംവിധാനം മാത്രമാണ് അതുകൊണ്ടുതന്നെ ഫെബ്രുവരി മാസത്തില്‍ തയ്യാറാക്കേണ്ട Income tax statement നിര്‍മ്മിക്കാന്‍ ഇവന് ശേഷിയില്ലെന്ന്‍ ഓര്‍ക്കണം.
 5. ഈ വര്‍ഷത്തെ നികുതി നിരക്കുകള്‍ സോഫ്റ്റ്‌വെയര്‍നുള്ളില്‍ അവസാന പേജില്‍ “നികുതി കണക്കു കൂട്ടിയതെങ്ങിനെ” എന്ന ലിങ്കില്‍ നല്‍കിയിട്ടുണ്ട്.
 6. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ Open Office ല്‍ ഇതിനു പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന വലിയ പരിമിതി ഉണ്ടെന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു, തല കുനിക്കുന്നു.

Download ECTAX - TAX ESTIMATOR
(ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ SAVE എന്ന ഓപ്ഷന്‍ നല്‍കുക.)
സോഫ്റ്റ്​വെയറിലേക്ക് നല്‍കേണ്ട വിവരങ്ങള്‍ മുന്‍കൂട്ടി രേഖപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഡാറ്റാ എന്‍ട്രി എളുപ്പമാക്കാന്‍ ഈ ഫോം സഹായിച്ചേക്കും. spark ല്‍ income tax -> due drawn statement മെനു വഴിയും ശമ്പളത്തില്‍ നിന്നുള്ള വരവും കിഴിവുമെല്ലാം അറിയാന്‍ കഴിയും. 

(കുറിപ്പ്: Taxable Income എന്ന് പറയുന്നത് മൊത്തം വരുമാനത്തില്‍ നിന്നും നിക്ഷേപങ്ങള്‍ക്കും മറ്റും ലഭിക്കുന്ന ഇളവുകള്‍ കുറച്ചതിന് ശേഷമുള്ള തുകയാണ്).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ