URGENT

എല്ലാ എൽ പി , യു പി സ്കൂളുകളും വലതു ഭാഗത്തെ EXPENDITURE STATEMENT ൽ ക്ലിക്ക് ചെയ്ത് 2017 നവമ്പർ ലേത് (അതായത് നവമ്പറി ക്യാഷ് ചെയ്തത് മാത്രം) ചെയ്യണം

Download D A Chart with GO from 2000.

ശനിയാഴ്‌ച, ജൂലൈ 27, 2013

ഇന്‍കം ടാക്സ് റിട്ടേണ്‍

Cortessy:Alrahiman
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ 5 ലക്ഷം രൂപയില്‍ താഴെ മൊത്ത വരുമാനമുള്ളവരെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യം 2013-14 സാമ്പത്തിക വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതല്ല എന്ന് CBDT വ്യക്തമാക്കിയിട്ടുണ്ട്. CBDT യുടെ ഏറ്റവും പുതിയ സര്‍ക്കുലര്‍ പ്രകാരം 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരും (അതായത് മൊത്തവരുമാനം നികുതി വരുമാന പരിധിയിലെത്തിയവര്‍‌) ഈ വര്‍ഷം മുതല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.  
ഈ വര്‍ഷം മുതല്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് സംവിധാനം കുറച്ച് കൂടി ലളിതമാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഇ-ഫയലിംഗ് സംവിധാനം നേരത്തേ തന്നെ നിലവിലുണ്ടെങ്കിലും ഇതിനുള്ള നടപടി ക്രമങ്ങള്‍ സാധാരണക്കാരന് മനസ്സിലാകാത്ത രീതിയില്‍ സങ്കീര്‍ണ്ണമായത് കാരണം ചെറിയ ഒരു വിഭാഗം മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. നേരത്തെ ഇ-ഫയലിംഗ് ചെയ്യണമെങ്കില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ITR ഫോമുകളുടെ എക്സല്‍ യൂട്ടിലിറ്റികള്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്ന .xml ഫയല്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ഈ എക്സല്‍ ഫയലില്‍ വിവരങ്ങള്‍ നല്‍കുന്നത് അത്ര ലളിതവുമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇതിന് പുറമെ വെബ് പേജില്‍ ലഭ്യമാകുന്ന ഫോമില്‍ നേരിട്ട് വിവരങ്ങള്‍ എന്‍റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുന്ന സൗകര്യം കൂടി നിലവില്‍ വന്നിരിക്കുന്നു. ആയത് കൊണ്ട് ഒരു സാധാരണ ഡാറ്റാ എന്‍ട്രി പോലെ നമുക്ക് സൗകര്യമുള്ള സ്ഥലത്ത് നിന്നും വെറും 5 മിനിട്ട് കൊണ്ട് നമുക്ക് റിട്ടേണ്‍ സമര്‍പ്പിക്കാം.  വളരെക്കുറഞ്ഞ വിവരങ്ങള്‍ മാത്രമേ എന്‍റര്‍ ചെയ്യേണ്ടതുള്ളൂ.
എന്തായാലും റിട്ടേണ്‍ സമര്‍പ്പിക്കുക എന്നത് നിര്‍ബന്ധമായിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള പേപ്പര്‍ ഫയലിംഗ് ചെയ്യാമെങ്കിലും വളരെ ലളിതമായെന്നിരിക്കെ നമുക്ക് ഇ-ഫയലിംഗ് ഒന്ന് പരിചയപ്പെടാം. 5 ലക്ഷം രൂപയില്‍ കൂടുതല്‍ മൊത്തവരുമാനമുള്ളവര്‍ക്ക് ഇ-ഫയലിംഗ് നിര്‍ബന്ധമാണ്. അത്തരക്കാര്‍ക്ക് പേപ്പര്‍ ഫയലിംഗ് ചെയ്യാന്‍ കഴിയില്ല. 
ഇ-ഫയലിംഗിന് ആദ്യമായി വേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് വെബ്സൈറ്റായ https://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്.  നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ Login Here അല്ലെങ്കില്‍ e-File >> എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാം.
അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ് വേര്‍ഡ്, ജനന തീയതി എന്നിവ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇ-ഫയലിംഗ് സാധ്യമല്ല. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കും.
നിങ്ങള്‍ നേരത്തെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New To e-Filing? എന്നതിന് താഴെയുള്ള Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന വിന്‍ഡോയില്‍ Individual/HUF എന്ന ഹെഡില്‍ Individual എന്നത് സെലക്ട് ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക
അപ്പോള്‍ താഴെ കാണുന്ന രജിസ്ട്രേഷന്‍ ഫോം ലഭിക്കും.  ഇതില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ചുകന്ന സ്റ്റാര്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണം. 
ഇവിടെ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് നിങ്ങള്‍ പാന്‍കാര്‍ഡ് എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി ഒത്തു നോക്കി വിത്യാസമുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നുവെച്ച് ഇവിടെ വെച്ച് പദ്ധതി ഉപേക്ഷിക്കേണ്ട കാര്യമില്ല. 1800 180 1961 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് നിങ്ങളുടെ പാന്‍നമ്പരും ജനന തീയതിയും മറ്റും നല്‍കിയാല്‍ ഓരോ ഫീല്‍ഡിലും നിങ്ങളുടെ പാന്‍കാര്‍ഡ് പ്രകാരമുള്ള ഡാറ്റ എന്താണെന്ന് എന്ന് ഒരു പ്രയാസവുമില്ലാതെ പറഞ്ഞു തരും.  
ബേസിക് ഡാറ്റ കൃത്യമായി എന്‍റര്‍ ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ Registration Form ലഭിക്കും. ഇതില്‍ നമ്മുടെ യൂസര്‍ ഐ.ഡി ദൃശ്യമാകും. അതിന് താഴെ പാസ് വേര്‍ഡ് ചേര്‍ക്കുക. പാസ് വേര്‍ഡില്‍ അക്കങ്ങളും അക്ഷരങ്ങളും സ്പെഷ്യല്‍ ക്യാരക്ടറുകളും ഉണ്ടായിരിക്കണം. അതിന് ശേഷം ബാക്കിയുള്ള വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുക. അതോട് കൂടി രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുകയും അതിന്‍റെ ഒരു ആക്ടിവേഷന്‍ ലിങ്ക് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലിലേക്ക് അയക്കപ്പെടും.
ഇനി നിങ്ങള്‍ നിങ്ങളുടെ ഇ-മെയില്‍ തുറന്ന് നോക്കുക. അതില്‍ ഈ വെബ്സൈറ്റില്‍ നിന്നും ഒരു മെയില്‍ വന്നിട്ടുണ്ടാകും. അതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ രജിസ്ര്ടേഷന്‍ ആക്ടറ്റിവേറ്റ് ചെയ്യപ്പെടുകയും പ്രസ്തുത വെബ്സൈറ്റിന്‍റെ ലോഗിന്‍ വിന്‍ഡോയില്‍ എത്തുകയും ചെയ്യും. ഇവിടെ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും നല്‍കിയാല്‍ നിങ്ങള്‍ക്ക് ഇ-ഫയലിംഗ് വെബ്സൈറ്റില്‍ പ്രവേശിക്കാം.
ഇനി നമുക്ക് ഇ-ഫയലിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. താഴെ കാണുന്നതു പോലെ e-File എന്ന മെനുവില്‍ Prepare and Submit Online ITR എന്ന മെനു സെലക്ട് ചെയ്യുക
അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ ITR Form Name എന്ന സ്ഥലത്ത് ITR-1 എന്നും Assessment Year എന്ന സ്ഥലത്ത് 2013-14 എന്നും സെലക്ട് ചെയ്ത് Prefill Address with എന്നതില്‍ From PAN Database എന്ന് സെലക്ട് ചെയ്ത് Digital Sign എന്നതിന് നേരെ No സെലക്ട് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക.
അപ്പോള്‍ ലഭിക്കുന്ന ITR Form-1 ല്‍ Instructions, Personal Details, Income Details, TDS, Taxes Paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം. ഓരോ ടാബില്‍ നിന്നും അടുത്ത ടാബിലേക്ക് പോകുന്നതിന് ടാബുകളില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഓരോ ടാബിന്‍റെയും അവസാന ഭാഗത്തുള്ള പച്ച നറത്തിലുള്ള Arrow യില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ മതി. ഇതില്‍ ഓരോ ടാബിലും എന്‍റര്‍ ചെയ്യേണ്ട വിവരങ്ങളുടെ വിശദ വിവരങ്ങള്‍ താഴെ വിശദീകരിക്കുന്നു.
ടാബ് - 1
ഒന്നാമത്തെ ടാബില്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. മുന്നോട്ട് പോകുന്നതിന് മുമ്പ് ഈ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ചു മനസിലാക്കുക.

ടാബ് - 2
 രണ്ടാമത്തെ ടാബില്‍ വ്യക്തിഗത വിവരങ്ങളും ഫയലിംഗ് സ്റ്റാറ്റസുമാണുള്ളത്. വ്യക്തിഗത വിവരങ്ങളില്‍ മിക്കതും നമ്മുടെ പാന്‍കാര്‍ഡിന്‍റെ ഡാറ്റാബേസില്‍ നിന്നും നേരത്തേ ഫില്‍ ചെയ്തതായി കാണാം. അവശേഷിക്കുന്ന വിവരങ്ങള്‍ മാത്രം എന്‍റര്‍ ചെയ്താല്‍ മതി.
ടാബ് - 3
മൂന്നാമത്തെ ടാബിലാണ് നമ്മുടെ വരുമാനത്തിന്‍റയും കിഴിവുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇത് പൂരിപ്പിക്കുന്നതിന് നമ്മുടെ കയ്യില്‍ നമ്മുടെ ഡിസ്ബേര്‍സിംഗ് ആഫീസര്‍ ഒപ്പിട്ട് നല്‍കിയ ഫോം-16 നിര്‍ബന്ധമാണ്. അതിലുള്ള വിവരങ്ങളാണ് ഇതിലേക്ക് ചേര്‍ക്കേണ്ടത്.
ടാബ് - 4
നാലാമത്തെ ടാബില്‍ നമ്മള്‍ 2012-13 പ്രീവയസ് ഇയറില്‍ അടച്ചു തീര്‍ത്തിട്ടുള്ള ടാക്സിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്. ഇതില്‍ തന്നെ 3 വിഭാഗങ്ങളുണ്ട്. ഒന്നാമത്തെ വിഭാഗത്തില്‍ ശമ്പള വരുമാനത്തില്‍ നിന്നും ഡിസ്ബേര്‍സിംഗ് ആഫീസര്‍ സ്രോതസില്‍ നികുതി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍  ആ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്. തുടക്കത്തില്‍ നമ്മള്‍ പാന്‍കാര്‍ഡില്‍ നിന്നുമുള്ള വിവരങ്ങള്‍ ഫില്‍ ചെയ്യണമെന്ന ഓപ്ഷന്‍ സെലക്ട് ചെയ്തതു കാരണം നമ്മുടെ പാന്‍കാര്‍ഡിനു മേല്‍ അടവു ചെന്നിട്ടുള്ള നികുതി സ്വമേധയാ പ്രത്യക്ഷപ്പെടും. വ്യത്യാസമുണ്ടെങ്കില്‍ മാത്രം കൂട്ടിച്ചേര്‍ത്താല്‍ മതി. ഗസറ്റഡ് ഉദ്യോഗസ്ഥരാണെങ്കില്‍ ട്രഷറി ആഫീസര്‍ നമുക്ക് വേണ്ടി നികുതി അടച്ചതിന്‍റെ വിവരങ്ങളും  അല്ലാത്തവര്‍ സ്ഥാപന മേധാവി നമ്മളില്‍ നിന്നും പിടിച്ചെടുത്ത നികുതിയുടെ വിവരങ്ങളുമാണ് ചേര്‍ക്കേണ്ടത്. 
( നമ്മള്‍ അടച്ച നികുതി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ രേഖപ്പെട്ടിട്ടുണ്ടോ നമുക്ക് തന്നെ പരിശോധിക്കാം. ഇത് പരിശോധിക്കുന്നതിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഈ പേജിന് താഴ് ഭാഗത്തായി ടാക്സ് ക്രഡിറ്റ് എങ്ങനെ പരിശോധിക്കാം ?  എന്ന തലക്കെട്ടിന് താഴെ വിശദീകരിച്ചിട്ടുണ്ട് ) 
രണ്ടാമത്തെ വിഭാഗത്തില്‍ സാലറിയല്ലാത്ത മറ്റ് വരുമാനങ്ങളില്‍ നിന്നും സ്രോതസ്സില്‍ പിടിച്ചെടുത്തിട്ടുള്ല നികുതി വിവരങ്ങളാണ് കാണിക്കേണ്ടത്.
മൂന്നാമത്തെ വിഭാഗത്തില്‍ നമ്മള്‍ സ്വമേധയാ അടച്ചിട്ടുള്ള നികുതിയുടെ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്.
ടാബ് - 5
അഞ്ചാമത്തെ ടാബില്‍  ഒന്നാമത്തെ വിഭാഗത്തില്‍ നമ്മളുടെ ഇന്‍കം ടാക്സ് വിവരങ്ങളും ഇതുവരെ അടച്ച നികുതിയും ബാക്കി അടക്കാനുണ്ടെങ്കില്‍ ആ വിവരങ്ങളും ദൃശ്യമാകും. 
രണ്ടാം വിഭാഗത്തില്‍ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും നല്‍കുക. ഇത് നിര്‍ബന്ധമാണ്. ബാങ്കുകളുടെ IFSC Code അറിയില്ലെങ്കില്‍ Google ല്‍ സെര്‍ച്ച് ചെയ്താല്‍ ലഭ്യാമാകും.
മൂന്നാമത്തെ Verification എന്ന വിഭാഗത്തില്‍ Place മാത്രം പൂരിപ്പിച്ചാല്‍ മതി. അതിന് താഴെയുള്ള TRP Details എന്‍റര്‍ ചെയ്യേണ്ടതില്ല. 
 ടാബ് - 6
ആറാമത്തെ ടാബില്‍ 80G പ്രകാരം നമ്മള്‍ ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. വ്യത്യസ്ത അളവുകളില്‍ ക്ലെയിം ചെയ്യാവുന്ന കിഴിവുകളും ഓരോ വിഭാഗത്തിലും തലക്കെട്ടുകള്‍ നോക്കി പൂരിപ്പിക്കുക. ഇത്തരം കിഴിവുകള്‍ ഒന്നുമില്ലെങ്കില്‍ പൂരിപ്പിക്കേണ്ടതില്ല. 
എല്ലാ ടാബുകളും പൂരിപ്പിച്ച് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പൂരിപ്പിച്ചതില്‍ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ എറര്‍ മെസേജ് പ്രത്യക്ഷപ്പെടും. ഇത്തരം തെറ്റുകള്‍ പരിഹരിച്ചതിന് ശേഷം വീണ്ടും സബ്മിറ്റ് ചെയ്യുക. സബ്മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും.  ഇതില്‍ റിട്ടേണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന മെസേജ് കാണാം. കൂടാതെ Acknowledgement നമ്പരും റിട്ടേണ്‍ സബ്മിറ്റ് ചെയ്തതിന്‍റെ തെളിവായ ITR-V  ഉം അടങ്ങുന്ന ഒരു കണ്‍ഫര്‍മേഷന്‍ മെയിലും വരും. ഈ വിന്‍ഡോയില്‍ നിന്നോ കണ്‍ഫര്‍മേഷന്‍ മെയിലില്‍ നിന്നോ ITR-V ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഒരു പാസ് വേര്‍ഡ് പ്രൊട്ടക്ടഡ് പി.ഡി.എഫ് ഫയലാണ്. ഇതിന്‍ പാസ് വേര്‍ഡായി നമ്മുടെ പാന്‍നമ്പരും ജനനതീയതിയും ചേര്‍ത്ത് നല്‍കുക. ഉദാഹരണമായി പാന്‍നമ്പര്‍ ABCDE1234X എന്നും ജനന തീയതി 01/01/1980 ഉം ആണെങ്കില്‍ പാസ് വേര്‍ഡ് abcde1234x01011980 എന്ന് നല്‍കുക. 

 ഈ ITR-V  പ്രിന്‍റൗട്ട് എടുത്ത് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധത്തില്‍ സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ സാധാരണ പോസ്റ്റില്‍ (കൊറിയര്‍ സ്വീകരിക്കില്ല) താഴെ കാണുന്ന അഡ്രസില്‍ അയച്ചാല്‍ മതി.
Income Tax Department -  CPS
Post Bag No:1
Electronic City Post Office 
Bengaluru 560100
Kanrnataka
ടാക്സ് ക്രഡിറ്റ് എങ്ങനെ പരിശോധിക്കാം ?
 വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇടതുവശത്ത് കാണുന്ന Quick Link എന്ന സെക്ഷനില്‍ കാണുന്ന View Form 26AS (Tax Credit) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
അപ്പോള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ TDS കാര്യങ്ങളുടെ ചുമതലയുള്ള TRACE എന്ന വെബ്സൈറ്റിലേക്ക് റീ-ഡൈറക്ട് ചെയ്യും. ഇതിന് വേണ്ടി Confirm ബട്ടണ്‍ അമര്‍ത്തുക
അപ്പോള്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ കാണിച്ചുകൊണ്ടുള്ള താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. ഇതിന്‍റെ മുകള്‍ ഭാഗത്ത് Assessment Year എന്നതിന് നേരെ 2013-14 എന്നും View As എന്നതിന് നേരെ HTML എന്നും സെലക്ട് ചെയ്ത് View/Download എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. 
എന്നിട്ട് ഈ വിന്‍ഡോ താഴേക്ക് സ്ക്രോള്‍ ചെയ്ത് നോക്കിയാല്‍ നിങ്ങള്‍ അടച്ച നികുതിയുടെ വിവരങ്ങള്‍ കാണാം. ഇതില്‍ ഡിഡക്ടറുടെ പേര്, ടാന്‍ നമ്പര്‍, നമ്മുടെ പേരില്‍ ക്രെഡിറ്റ് ചെയ്തിട്ടുള്ല നികുതി എന്നിവ കാണാം. 

2012-13 വര്‍ഷത്തെ ആദായ നികുതി കണക്കാക്കുന്നതിനും ഇന്‍കം ടാക്സ് സ്റ്റേറ്റുമെന്‍റ് , ഫോം 16 എന്നിവ പ്രിന്‍റ് ചെയ്യുന്നതിനും  EASY TAX തയ്യാറായിക്കഴിഞ്ഞു. ഇത് ഉപയോഗിക്കുന്നവര്‍ക്ക് ളരെ ലളിതമായി അവരവരുടെ ടാക്സ് കണക്കാക്കാനും ടാക്സ് കുറക്കുന്നതിനവേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും സാധിക്കുന്നു.  എങ്കിലും ഒരു പൊതു ധാരണ ഉണ്ടാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ താഴെ വിശദീകരിക്കുന്നു. 

  ( അസസ്മെന്റ് ഇയര്‍ 2013-14,   പ്രീവിയസ് ഇയര്‍ 2012-13)


ആദായ നികുതി നിരക്കുകളില്‍ കഴിഞ്ഞ വര്‍ഷം വരെ നിലനിന്നിരുന്ന സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ വര്‍ഷം മുതല്‍ പൂര്‍ണ്ണമായും ഇല്ലാതായി എന്നതാണ് ഈ വര്‍ഷത്തെ നികുതി നിരക്കുകളിലെ ശ്രദ്ധേയമായ മാറ്റം. കൂടാതെ 80 വയസിന് മുകളിലുള്ളവരെ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ എന്ന പ്ര്ത്യേക വിഭാഗമാക്കി അവര്‍ക്കുള്ള നികുതി നിരക്കുകള്‍ വ്യത്യാസപ്പെടുത്തുകയും ചെയ്തു. ഈ വര്‍ഷത്തെ നികുതി നിരക്കുകള്‍ താഴെ നല്‍കുന്നു.

60 വയസിനും 80 വയസിനും ഇടയ്ക്കുള്ള സീനിയര്‍ സിറ്റിസന്‍ 
(1933 ഏപ്രില്‍ 1 നും 1953 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ചവര്‍)
  • 2,50,000 രൂപ വരെ -  നികുതിയില്ല
  • 2,50,001 മുതല്‍ 5,00,000 രൂപ വരെ -  2,50,000 രൂപയില്‍ അധികം വരുന്ന തുകയുടെ 10ശതമാനം
  • 5,00,001 മുതല്‍ 10,00,000 രൂപ വരെ  -  25,000 രൂപയും 5,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 20ശതമാനവും
  • 10,00,001 മുതല്‍ മുകളിലേക്ക്  -  1,25,000 രൂപയും 10,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 30ശതമാനവും

80 വയസിന് മുകളിലുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസന്‍ 
(1933 ഏപ്രില്‍ 1 ന് മുമ്പ് ജനിച്ചവര്‍)
  • 5,00,000 രൂപ വരെ  -  നികുതിയില്ല
  • 5,00,001 മുതല്‍ 10,00,000 രൂപ വരെ  -  5,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 20ശതമാനം
  • 10,00,001 മുതല്‍ മുകളിലേക്ക് -  1,00,000 രൂപയും 10,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 30ശതമാനവും

ബാക്കിയുള്ള എല്ലാ തരം വ്യക്തികള്‍ക്കും
(1953 മാര്‍ച്ച് 31 ന് ശേഷം ജനിച്ചവര്‍) 
  • 2,00,000 രൂപ വരെ  -  നികുതിയില്ല
  • 2,00,001 മുതല്‍ 5,00,000 രൂപ വരെ -  2,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 10ശതമാനം
  • 5,00,001 മുതല്‍ 10,00,000 രൂപ വരെ -  30,000 രൂപയും 5,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 20ശതമാനവും
  • 10,00,001 മുതല്‍ മുകളിലേക്ക് -  1,30,000 രൂപയും 10,00,000 രൂപയില്‍ അധികം വരുന്ന തുകയുടെ 30ശതമാനവും

2005-06 സാമ്പത്തിക വര്‍ഷം മുതലുള്ള നികുതി നിരക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

  
ആദായ നികുതി കണക്കാക്കുന്ന വിധം


2012 ഏപ്രില്‍ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് 2012 മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും 2013 മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.
മുകളില്‍ വിശദീകരിച്ച രീതിയില്‍ മൊത്തം ശമ്പളം കണക്കാക്കി അതില്‍ നിന്നും ഇനി പറയുന്നവ കുറയ്ക്കാവുന്നതാണ്.

1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)
നിങ്ങള്‍ താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.
 • യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത
 • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
 • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക
സാധാരണ ഗതിയില്‍ ഇത് കുറവ് ചെയ്യുന്നതിന് ഒരു ഡിക്ളറേഷന്‍ എഴുതി നല്‍കിയാല്‍ മതിയെങ്കിലും മിക്ക ട്രഷറികളില്‍ നിന്നും വാടക രസീത് ആവശ്യപ്പെടാറുണ്ട്.

2) വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.

3) തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)
മൊത്തം ശമ്പളവരുമാനത്തില്‍ നിന്നും മുകളില്‍ കൊടുത്ത കിഴിവുകള്‍ വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary Income എന്നറിയപ്പെടുന്നു. ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം,  ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു വരുമാനം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.
ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വീട്ടുവാടകയിനത്തില്‍ വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 1,50,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)
Net Salary യോട് കൂടി മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ Total Income എന്നറിയപ്പെടുന്നു. ഇതില്‍ നിന്നും ചാപ്റ്റര്‍ VI-A പ്രകാരം 80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1 ലക്ഷം രൂപ വരെ കുറവ് ചെയ്യാം.

80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുകള്‍
 • പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
 • SLI, FBS, GIS, GPAIS തുടങ്ങിയവ
 • ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ്  പ്രീമിയം
 • നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
 • നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
 • 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
 • വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ  Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
 • പരമാവധി രണ്ട് കുട്ടികള്‍ക്ക്  വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്.  (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും
80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.

80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
മുകളില്‍ നല്‍കിയ മൂന്ന് വകുപ്പുകള്‍ പ്രകാരമുള്ള 1 ലക്ഷം രൂപയുടെ കിഴിവുകള്‍ കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.

80. സി.സി.ജിഓഹരി നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം എന്ന പേരില്‍ ഒരു പുതിയ സ്കീം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നിക്ഷേപിക്കുന്ന 50,000 രൂപ വരെയുള്ള തുകയുടെ 50 ശതമാനം വരുമാനത്തില്‍ നിന്നും  കിഴിവായി അനുവദിക്ക. എന്ന് പറഞ്ഞാല്‍ മാക്സിമം കിഴിവ് 25,000 രൂപ. ഉദാഹരണമായി ടാക്സ് ബാധ്യത 10 ശതമാനത്തില് ഒതുങ്ങി നില്‍ക്കുന്ന ഒരാള്‍ 50,000 രൂപ ഈ ഇനത്തില്‍ നിക്ഷേപിച്ചാല്‍ 2500 രൂപ മാത്രമേ നികുതിയില്‍ കുറയുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

80. ഡി – ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം. പരമാവധി 15,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 15,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍ സിറ്റിസനാണെങ്കില്‍ 20,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 35,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി

80 ഡി.ഡി – ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 50,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1 ലക്ഷം രൂപ)

80. ഡി.ഡി.ബി – മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്ന നികുതി ദായകനോ അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ (സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്, വൃക്ക തകരാറ്. ഈ കിഴിവ് അനുവദിക്കേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ടട്മെന്‍റാണ്. ഡിസ്ബേര്‍സിംഗ് ആഫീസറല്ല. അതായത് നമ്മള്‍ സ്റ്റേറ്റ്മെന്‍റ് നല്‍കുമ്പോള്‍ ഈ കിഴിവ് കാണിക്കാതെ ടി.ഡി.എസ് പിടിക്കുകയും പിന്നീട് ജൂലൈ മാസത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഈ തുക ക്ലെയിം ചെയ്ത് ടാക്സ് റീഫണട് അവകാശപ്പെടുകയാണ് വേണ്ടത്. കൂടുതല്‍ നിര്‍ദ്ദേശങ്ങളും  ഫോം 10-യും താഴെ നിന്ന് ൗണ്‍ലോഡ് ചെയ്യാം.
Guidelines for Deduction u/s 80 DDB
Form 10-I  

80.ഇ – തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശ.

80.ജി – ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന് നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.

80 ജി.ജി.സി – Representation of the People Act-1951 ലെ 29എ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന മുഴുവനായും കുറയ്ക്കാം. പക്ഷെ തക്കതായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരും.

80.യു – പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന്  തന്റെ വരുമാനത്തില്‍ നിന്നും  വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 50,000 രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപയും കുറവ് ചെയ്യാവുന്നതാണ്.
മുകളില്‍ കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും നടത്തിയതിന് ശേഷം ലഭിക്കുന്ന തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക. ഇതിനെ Taxable Income എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത നിരക്കനുസരിച്ച് ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ ടാക്സിന്റെ മുകളില്‍ 2 ശതമാനം  എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി ആന്റ് ഹയര്‍ എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ കിട്ടിയ തുകയാണ് നിങ്ങളുടെ ഇന്‍കം ടാക്സ്. 


2012 ഏപ്രിലിന് മുമ്പുള്ള ഏതെങ്കിലും മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന  ശമ്പളം അരിയറായി ഈ വര്‍ഷം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഈ വര്‍ഷത്തെ വരുമാനമായി കാണിക്കേണ്ടതുണ്ട്. തന്‍മൂലം ചിലപ്പോള്‍ നമ്മുടെ നികുതി ബാധ്യത ഒരു പാട് വര്‍ദ്ധിച്ചിട്ടുണ്ടാകാം. ഒരു പക്ഷെ ഇപ്പോള്‍ ലഭിച്ച ശമ്പള കുടിശ്ശിക അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ നമുക്ക് നികുതി അടക്കേണ്ടി വരില്ലായിരുന്നു. ഇപ്പോള്‍ എല്ലാം കൂടി ലഭിച്ചതിന്‍റെ ഫലമായി വരുമാന പരിധി വര്‍ദ്ധിക്കുകയും അത് മൂലം നികുതി ബാധ്യത വരികയും ചെയ്തതാകാം. അത്തരം ആളുകള്‍ക്ക് 89(1) വകുപ്പ് പ്രകാരം അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാം.  ഈ വര്‍ഷം പേ ഫിക്സ് ചെയ്തവര്‍, അപ്രൂവല്‍ ലഭിക്കാന്‍ താമസം നേരിട്ട് ഇപ്പോള്‍ ശമ്പളം ഒരുമിച്ച് ലഭിച്ചവര്‍, എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിക്കേണ്ട ശമ്പളം ഈ വര്‍ഷത്തില്‍ വാങ്ങിച്ചവര്‍ തുടങ്ങി പലര്‍ക്കും ഈ റിലീഫ് ഉപയോഗപ്പെടുത്താവുന്നതാണ്.
അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാമെന്നുള്ളത് പലരും അറിയാതെ പോവുകയോ, അതല്ലെങ്കില്‍ അറിഞ്ഞിട്ടും സങ്കീര്‍ണ്ണമ്മായ പേപ്പര്‍ വര്‍ക്കുകള്‍ കാരണം വേണ്ടെന്ന് വെക്കുകയോ ചെയ്യുന്ന പ്രവണത കണ്ട് വരുന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ Relief Calculator എന്ന എക്സല്‍ അപ്ലിക്കേഷന്‍ ഒരു വലിയ വിജയമായിത്തീര്‍ന്നു. ആയത്കൊണ്ട് അത് പരിഷ്കരിച്ച് ഈ വര്‍ഷത്തെ ഉപയോഗത്തിന് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ നേരം കൊണ്ട് ഒരു ബുദ്ധിമുട്ടുമില്ലാതെ, ചിലപ്പോള്‍ ഒരുപാട് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ ഇത് സഹായിച്ചേക്കാം.


Relief Calculator ഉപയോഗിച്ച് അരിയര്‍ റിലീഫ് കണക്കാക്കുന്നതിന്
റിലീഫ് കണക്കാക്കുന്നതിന് മുമ്പായി നിങ്ങള്‍ EASY TAX ഓപ്പണ്‍ ചെയ്ത് ഈ വര്‍ഷത്തെ വിവരങ്ങള്‍ ചേര്‍ക്കുക. കാരണം റിലീഫ് നമുക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ക്ലെയിം ചെയ്താല്‍ മതി.  ഈ വര്‍ഷം അരിയര്‍ അടക്കമുള്ള മൊത്തവരുമാനത്തിന് മേല്‍ ടാക്സ് വരുന്നില്ലെങ്കില്‍ റിലീഫ് കണക്കാക്കാന്‍ സമയം ചെലവഴിക്കേണ്ട ആവശ്യമില്ലല്ലോ.. മാത്രമല്ല റിലീഫ് കണക്കാക്കുന്നതിന് ഈ വര്‍ഷത്തെ മൊത്തവരുമാനം എത്രയാണെന്ന് അറിയുകയും വേണം. ആയത് കൊണ്ട് ആദ്യം EASY TAX ലെ വിവരങ്ങള്‍ എന്റര്‍ ചെയ്യുക. അതില്‍ അരിയര്‍ ചേര്‍ക്കാനുള്ള സ്ഥലങ്ങളില്‍ അത് ചേര്‍ക്കുകയും ചെയ്യുക. ഇനി ഇതിലെ Statement എടുത്ത് നോക്കിയാല്‍ ടാക്സ് വരുന്നുണ്ടോ എന്നറിയാം. ടാക്സ് അടക്കേണ്ടതുണ്ടെങ്കില്‍ മാത്രം റിലീഫ് കണക്കാക്കുന്നതിന് അടുത്ത സ്റ്റെപ്പിലേക്ക് പോവുക.

റിലീഫ് കണക്കാക്കുന്നതിന് ആകെ രണ്ട് കാര്യങ്ങളാണ് വേണ്ടത്.

 1. നിങ്ങള്‍ക്ക് മൊത്തം ലഭിച്ച അരിയര്‍ സാലറിയെ അതത് വര്‍ഷങ്ങളിലേക്ക് വീതിച്ച് ഒരു കടലാസില്‍ എഴുതി വെക്കുക. അത് നിങ്ങളുടെ അരിയര്‍ ബില്ലിന്റെ കൂടെ നല്‍കിയ Due-Drawn Statement ല്‍ നിന്നും അനായാസം കണ്ടെത്താവുന്നതാണ്.  ഓരോ സാമ്പത്തിക വര്‍ഷത്തിലേക്ക് ലഭിച്ച സാലറി അരിയര്‍ കണ്ടെത്തുന്നതിന് Arrear Splitter എന്ന എക്സല്‍ അപ്ലിക്കേഷന്‍ ഉപയോഗിക്കാം.
 2. ഈ വര്‍ഷത്തെയും അത് പോലെ ഏതൊക്കെ മുന്‍വര്‍ഷങ്ങലിലേക്കുള്ള അരിയറാണോ ലഭിച്ചത് ആ വര്‍ഷങ്ങളിലെയും അരിയര്‍ കൂട്ടാതെയുള്ള Taxable Income എത്രയാണ് എന്ന് കണ്ടെത്തുക. ടാക്സബിള്‍ ഇന്‍കം എന്ന് പറഞ്ഞാല്‍ എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള തുകയാണ്. അതായത് ഏത് തുകയുടെ മുകളിലാണോ നമ്മള്‍ ടാക്സ് കാല്‍ക്കുലേറ്റ് ചെയ്തത് ആ തുക. നമ്മള്‍ മുമ്പ് വിവരിച്ച പോലെ ഈ വര്‍ഷത്തെ വിവരങ്ങള്‍ EASY TAX ല്‍ എന്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ വര്‍ഷത്തെ ടാക്സബിള്‍ ഇന്‍കം അതില്‍ നിന്നും ലഭിക്കും. മറ്റ് വര്‍ഷങ്ങളിലെ ടാക്സബിള്‍ ഇന്‍കം ലഭിക്കണമെങ്കില്‍ നമ്മള്‍ അതത് വര്‍ഷങ്ങളില്‍ നല്‍കിയിട്ടുള്ള ടാക്സ് സ്റ്റേറ്റ്മെന്റുകളുടെ കോപ്പികള്‍ എടുത്ത് പരിശോധിച്ചാല്‍ മാത്രം മതി.

ഈ രണ്ട് കാര്യങ്ങള്‍ മാത്രം ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ Relief Calculator ഓപ്പണ്‍ ചെയ്യുക. ഇതിന് പാര്‍ട്ട് എ മുതല്‍ പാര്‍ട്ട് -ഇ വരെ 5 ഭാഗങ്ങളുണ്ട്. പാര്‍ട്ട്-എയില്‍ പേര്, ഉദ്യോഗപ്പേര്, ഓഫീസ്, പാന്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്യുക. അതിന് ശേഷം കാറ്റഗറി സെലക്ട് ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്ലെങ്കില്‍ കാല്‍ക്കുലേഷന്‍ ശരിയാകില്ല.
പാര്‍ട്ട്  ബി യില്‍ മൂന്ന് നിരകളുണ്ട്.
 • ആദ്യത്തെ നിരയില്‍ അരിയര്‍ സാലറി ബാധകമായിട്ടുള്ള ഓരോ വര്‍ഷത്തെയും അരിയര്‍ ഒഴിച്ചുള്ള ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുക. അരിയര്‍ ബാധകമല്ലാത്ത വര്‍ഷങ്ങളിലേ കോളങ്ങള്‍ ശൂന്യമായി വിട്ടാല്‍ മതി. ഈ വര്‍ഷത്തെ ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുന്നതിന് EASY TAX ലെ Statement എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്റ്റേറ്റമെന്റിലെ കോളം 13 ന് ( ie; Taxable income rounded off to the nearest multiple of Ten ) നേരെ വരുന്ന തുക അരിയര്‍ അടക്കമുള്ള തുകയാണ്. ഇതില്‍ നിന്നും ഈ വര്‍ഷം ലഭിച്ച അരിയര്‍ കുറച്ചാല്‍ മതി. ഉദാഹരണമായി Statement ലെ ഐറ്റം 13 ല്‍ കാണുന്ന തുക 3,25,000 വും ഈ വര്‍ഷം ലഭിച്ച അരിയര്‍ 40,000 വും ആണെങ്കില്‍ നിങ്ങള്‍ ഈ വര്‍ഷത്തെ കോളത്തില്‍ 2,85,000 എന്ന് ചേര്‍ത്താല്‍ മതി.
 • രണ്ടാമത്തെ നിരയില്‍ നമ്മള്‍ നേരത്തെ തയ്യാറാക്കി വെച്ചതനുസരിച്ച് ഓരോ വര്‍ഷങ്ങളിലേക്കും ബാധകമായിട്ടുള്ള അരിയറുകള്‍ അതത് കോളങ്ങളില്‍ രേഖപ്പെടുത്തുക.
 • മൂന്നാമത്തെ നിരയുടെ അവസാനം നമ്മള്‍ മൊത്തം ഈ വര്‍ഷം വാങ്ങിയ അരിയര്‍ കാണാം.
ഇത്ര മാത്രമേ നമ്മള്‍ ചെയ്യേണ്ടതുള്ളു. പാര്‍ട്ട് സി, ഡി, ഇ എന്നിവയില്‍ നമ്മള്‍ ഒന്നും എന്റര്‍ ചെയ്യണ്ടതില്ല.  പാര്‍ട്ട് -ഇ യില്‍ നമ്മള്‍ക്ക് അരിയര്‍ റിലീഫ് ക്ലെയിം ചെയ്യാന്‍ കഴിയുമെങ്കില്‍ ആ തുക കാണാം. അങ്ങനെയെങ്കില്‍ പാര്‍ട്ടി-ഇ യ്ക്ക് താഴെ നല്‍കിയിട്ടുള്ള പ്രിന്റ് ബട്ടണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് 10-ഇ ഫോറം, അനക്സര്‍, ടേബിള്‍-എ എന്നിവ പ്രിന്റ് ചെയ്യാം. എന്നിട്ട് പ്രസ്തുത റിലീഫ് ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകളിലെ Releif u/s 89(1) എന്ന കോളത്തില്‍ ചേര്‍ക്കുക. നിങ്ങള്‍ ഈസി-ടാക്സ് ഉപയോഗിക്കുന്നുവെങ്കില്‍ Deduction എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പേജിന്‍റെ അവസാനത്തെ ഇനമായ Releif u/s 89(1) എന്നതിന് നേരെ ഈ തുക ചേര്‍ക്കുക.

Manual ആയി റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന്

Relief Calculator ഉപയോഗിക്കുന്നവര്‍ക്ക് ഈ റീലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്ന സ്റ്റെപ്പുകളൊന്നും മനസ്സിലാക്കി വെക്കേണ്ടതില്ല. എങ്കിലും സ്വന്തമായി റിലീഫ് കാല്‍ക്കലേറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ടി ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ കൊടുക്കുന്നു.
 1. ആദ്യം ഈ വര്‍ഷം നമുക്ക് ലഭിച്ച മൊത്തം വരുമാനത്തിന്‍റെ, അതായത് ലഭിച്ച അരിയര്‍ അടക്കമുള്ള തുകയുടെ നികുതി കണക്കാക്കുക.
 2. പിന്നീട് മൊത്തം വരുമാനത്തില്‍ നിന്നും അരിയര്‍ കുറച്ച് ബാക്കി തുകയുടെ നികുതി കാണുക. ഇവിടെ അരിയര്‍ കുറയ്ക്കുമ്പോള്‍ ഈ വര്‍ഷത്തേക്ക് ബാധകമായിട്ടുള്ളത് കുറയ്ക്കരുത്. അത് ഈ വര്‍ഷത്തെ വരുമാനം തന്നെയാണ്.
 3. സ്റ്റെപ്പ്-1 ല്‍ കണ്ട നികുതിയില്‍ നിന്നും സ്റ്റെപ്-2 ല്‍ കണ്ട നികുതി കുറയ്ക്കുക ( ഇത്  ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം വന്നിട്ടുള്ള അധിക നികുതി ബാധ്യതയാണ് )
 4. അരിയര്‍ ബാധകമായിട്ടുള്ള മുന്‍വര്‍ഷങ്ങളില്‍ നമ്മള്‍ അന്ന് നല്‍കിയ നികുതികള്‍ കണ്ടെത്തി അതിന്റെ തുക കാണുക (ഇതിന് ആ വര്‍ഷങ്ങളിലെ ആദായ നികുതി സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുക )
 5. ഈ ഓരോ വര്‍ഷത്തെയും അന്നത്തെ മൊത്തം വരുമാനത്തോട് കൂടി ഇപ്പോള്‍ അതത് വര്‍ഷത്തേക്ക് ലഭിച്ച അരിയറുകള്‍ കൂട്ടി ആ വര്‍ഷങ്ങളിലെ നികുതി റീകാല്‍ക്കുലേറ്റ് ചെയ്യുക. എന്നിട്ട്  ഈ പുതിയ നികുതികളുടെ തുക കാണുക. മുന്‍ വര്‍ഷങ്ങളിലെ നികുതി നിരക്കുകള്‍ ഓര്‍ക്കുന്നില്ലെങ്കില്‍  Previous Income Tax Rates  ഡൌണ്‍ലോഡ് ചെയ്യുക.
 6. അതിന് ശേഷം സ്റ്റെപ് -5 ല്‍ ലഭിച്ച തുകയില്‍ നിന്നും-4 ല്‍ ലഭിച്ച തുക കുറയ്ക്കുക. (ഇത് അരിയറുകള്‍ അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ അന്ന് വരുമായിരുന്ന അധിക നികുതി ബാധ്യതയാണ് )
 7. ഇനി സ്റ്റെപ്-3 ല്‍ ലഭിച്ച തുകയില്‍ നിന്നും സ്റ്റെപ്-6 ല്‍ ലഭിച്ച തുക കുറയ്ക്കുക. ഈ കിട്ടുന്ന തുകയാണ് നമുക്ക് അവകാശപ്പെടാവുന്ന റിലീഫ്. (അതായത്  ഇപ്പോള്‍ അരിയര്‍ ലഭിച്ചത് കാരണം അധികമായി വന്നിട്ടുള്ള നികുതിയില്‍ നിന്നും അന്നന്ന് അടയ്ക്കേണ്ടിയിരുന്ന നികുതി കുറച്ച് ബാക്കിയുള്ളത് )
അരിയര്‍ സാലറി ലഭിച്ച എല്ലാവര്‍ക്കും 89(1) പ്രകാരമുള്ള റിലീഫിന്റെ പ്രയോജനം ലഭിക്കണമെന്നില്ല. കാരണം അരിയര്‍ ബാധകമായിട്ടുള്ള വര്‍ഷങ്ങളില്‍ നമ്മള്‍ നേരത്തെ തന്നെ നികുതി അടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അരിയര്‍ അതത് വര്‍ഷങ്ങളിലെ വരുമാനങ്ങളോടൊപ്പം കൂട്ടുകയാണെങ്കില്‍ ആ വര്‍ഷങ്ങളിലെ നികുതി വര്‍ദ്ധിക്കുന്നു. അത്തരക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.
എന്നാല്‍ ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം നമ്മുടെ വരുമാനം വര്‍ദ്ധിച്ച് 5 ലക്ഷം രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 20 ശതമാനം നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ അരിയര്‍ അതത് വര്‍ഷങ്ങളിലേക്ക് മാറ്റിയാല്‍ നികുതി ബാധ്യത 10 ശതമാനത്തില്‍ ഒതുങ്ങിയേക്കാം. ഇങ്ങനയുള്ളവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നികുതി അടച്ചിരുന്നുവെങ്കിലും റിലീഫിന്റെ പ്രയോജനം ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ