പ്രൈമറി തലത്തിലേക്ക് ഐസിടി പഠനവും മറ്റ് ഐടി@സ്കൂള്‍ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതിലേക്കായി അവിടങ്ങളിലെ പ്രധാനാധ്യാപകര്‍ക്ക് പരിശീലനം നല്‍കിയപ്പോള്‍ ഉയര്‍ന്നുകേട്ട ഏറ്റവും വലിയ ആവലാതി, ഉപകരണങ്ങളുടെ അഭാവത്തെക്കുറിച്ചായിരുന്നു. എന്നാല്‍ അടുത്ത അധ്യയനവര്‍ഷാരംഭത്തിനു മുന്നേ ചുരുങ്ങിയത് എല്ലാ സര്‍ക്കാര്‍ എല്‍പി യുപി സ്കൂളുകളിലെങ്കിലും ആവശ്യത്തിന് ഉപകരണങ്ങളെത്താനുള്ള വഴി തുറന്നിരിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് പ്രൈമറി സ്കൂളുകളിലേയ്ക്ക് ഐ.ടി ഉപകരണങ്ങള്‍ ലഭിക്കാനായി സര്‍ക്കാര്‍ എല്‍.പി-യു.പി സ്കൂളുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ അറിയിച്ചു. ബന്ധപ്പെട്ട എ.ഇ.ഒ.യുടെ മേല്‍ക്കത്തോടെ അപേക്ഷകള്‍ മാര്‍ച്ച് 13-നു മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം.സര്‍ക്കാര്‍ യു.പി സ്കൂളുകള്‍ക്ക് പരമാവധി 1.85 ലക്ഷം രൂപയും സര്‍ക്കാര്‍ എല്‍.പി. സ്കൂളുകള്‍ക്ക് 1.35 ലക്ഷം രൂപയും ഈ വര്‍ഷം പദ്ധതി വിഹിതത്തില്‍ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2012 ഫെബ്രുവരി 15-ലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ചെലവഴിക്കാനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു യു.പി. സ്കൂളിന് ആറു കമ്പ്യൂട്ടറുകള്‍ (ലാപ് ടോപ്), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍, ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും എല്‍.പി. സ്കൂളുകള്‍ക്ക് നാലു കമ്പ്യൂട്ടര്‍ (ലാപ് ടോപ്), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍, ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും ലഭ്യമാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.ഈ വര്‍ഷത്തെ ഐസിടി ഉപകരണങ്ങളുടെ വില തീരുമാനിക്കുന്നതിനു മുമ്പുള്ള എസ്റ്റിമേറ്റ് അനുസരിച്ചാണ് ഉത്തരവില്‍ മേല്‍ വിവരിച്ച പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ആയത് അഞ്ചു കമ്പ്യൂട്ടറുകള്‍ ( 5 X 22400 = 112000), ഒരു 3KVA യു.പി.എസ് ( 43,000), ഒരു മള്‍ട്ടിമീഡിയ പ്രോജക്ടര്‍ (22000 ),ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ ( 7750) മൊത്തം 1.847 ലക്ഷം എന്ന രീതിയില്‍ ക്രമീകരിക്കാവുന്നതാണ്.600 VA UPS ഗൈഡ്ലൈനില്‍ ഉള്‍പ്പെടാത്തതുകൊണ്ട് 3KVA UPS ഇല്ലാതെ ആറു കമ്പ്യൂട്ടറുകള്‍ അപേക്ഷിക്കുന്നവര്‍ക്ക് ചെറിയ UPS കള്‍ക്കായി ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടി വരും.എ.ഇ.ഒ.മാര്‍ ഇതിന്റെ വിശദാംശങ്ങള്‍ മാര്‍ച്ച് 15-നു മുമ്പ് നല്‍കണം. ബന്ധപ്പെട്ട ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലെICT Procrument വിഭാഗത്തില്‍ ലഭ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ